Tuesday, April 3, 2018

വേണം തണ്ണീർത്തട സംരക്ഷണ നിയമത്തിന് ഒരു എഞ്ചിനീയറിംഗ് പരിഹാരമാർഗ്ഗം




"കേരള നെൽവയലും നീർത്തടവും സംരക്ഷണ നിയമം - 2008 (THE KERALA CONSERVATION OF PADDY LAND AND WETLAND ACT, 2008)"
2008-ൽ വി.എസ് അച്ചുതാനന്ദൻ മന്ത്രിസഭ കൊണ്ടുവന്ന നിയമമാണിത്. വളരെ സുപ്രധാനവും കേരളത്തിന് ഏറെ യോജിച്ചതുമായ ഒരു നിയമം ആയിരുന്നു അത്. ഇന്ത്യയിൽ തന്നെ ആദ്യമായാണ് നെൽവയലുകളെയും തണ്ണീർത്തടങ്ങളെയും സംരക്ഷിക്കാനുള്ള ഒരു നിയമമുണ്ടായത്. ഈ നിയമത്തെക്കുറിച്ച് അറിഞ്ഞപ്പോൾ, ഐക്യരാഷ്ട്രസഭയിലെ ഒരു ഉയർന്ന ഉദ്യോഗസ്ഥൻ അഭിപ്രായപ്പെട്ടത് കേരളത്തിനു മാത്രമല്ല ഈ നിയമം വേണ്ടത്, ലോകത്തിനു തന്നെ ഇത്തരമൊരു നിയമത്തിന്റെ ആവശ്യകതയുണ്ടെന്നാണ്. ലോകത്തിലെ തണ്ണീർത്തടങ്ങൾ മുഴുവനും അതിവേഗത്തിൽ നാശോന്മുഖമാകുകയാണെന്നും ആ ഉദ്യോഗസ്ഥൻ സൂചിപ്പിച്ചു. നാടിന്റെ ഭാവിയെ മുൻനിർത്തി, പിതാമഹന്മാരിൽനിന്ന് നമുക്ക് കൈമാറിവന്ന ഭൂമി, വലിയ പരിക്കുകളൊന്നുമില്ലാതെ അടുത്ത തലമുറയ്ക്ക് കൈമാറേണ്ടതുണ്ടെന്ന തിരിച്ചറിവിന്റെ പുറത്ത’് മാനവികമായ ഉൾക്കാഴ്ചയോടെ പ്രയോഗത്തിൽ വരുത്തിയ നിയമമാണ് നെൽവയൽ-നീർത്തട സംരക്ഷണനിയമം.

1970-ൽ കേരളത്തിൽ 8.25 ലക്ഷം ഹെക്ടാർ നെൽപ്പാടം ഉണ്ടായിരുന്നത് 2010 ആയപ്പോൾ അത് നാലിൽ ഒന്നായി ചുരുങ്ങി. കേരളത്തിലെ പ്രത്യേക സാഹചര്യപ്രകാരം കൃഷി നടത്താൻ പറ്റാത്ത അവസ്ഥയും ഉണ്ടായി.  പ്രധാന കാരണം നെൽകൃഷി വലിയ നഷ്ടമായി മാറി എന്നുള്ളതാണ്.


ഈ നിയമം നിലവിൽ വന്നിട്ട് 10 വർഷങ്ങൾ കഴിയുന്ന ഈ കാലഘട്ടത്തിൻ നിലവിലുള്ള നീർത്തടങ്ങളും നെൽവയലുകളും സംരക്ഷിക്കുവാനുള്ള എല്ലാ വുവസ്ഥകളും പാലിക്കപ്പെടുന്നുണ്ട്. പിന്നീട് വന്ന ഭേദഗതികൾ നിയമം കുറച്ചു കൂടി കർക്കശമാക്കി എന്നു വേണം പറയാൻ. അതിനാൽ നികത്തൽ ഭീഷണിയിൽ നിന്നും ഇവ മുക്തമാണ്.

നിർമ്മാണമേഖലയിൽ മൂന്ന് പതിറ്റാണ്ടായി പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന ഒരു വ്യക്തി എന്ന നിലയിൽ ഞാൻ ഇതിനെ മറ്റൊരു തലത്തിൽ കൂടി ഒന്ന് അവലോകനം ചെയ്യാൻ ആഗ്രഹിക്കുന്നു. കേരളത്തിൽ നെൽകൃഷി നഷ്ടമായതിനെ തുടർന്ന് എന്തുകൊണ്ടാണ് ഇത്രയേറെ വേഗത്തിൽ നെൽവയൽ നികത്തപ്പെട്ടത്? കെട്ടിട നിർമ്മാണമേഖലയിലെ വൻ കുതിച്ചു കയറ്റമാണ് കഴിഞ്ഞ നാൽപ്പത്തഞ്ച് വർഷങ്ങൾ ആയി നമ്മൾ  കണ്ടത്. ഗൾഫിൽ നിന്നുള്ള പണത്തിന്റെ ഒഴുക്കും പിന്നെ മലയാളിയുടെ ഭവന സ്വപ്നങ്ങളും ഈ മേഖലയിലേക്ക് സാമ്പത്തികവും സാമൂഹികവുമായ ഒരടിത്തറയുണ്ടാക്കി. അത്തരം കെട്ടിടങ്ങളുടെ അടിത്തറയ്ക്കായി വയലുകൾ അതിവേഗം നികത്തപ്പെട്ടു.

ഈ നിയമത്തിന്റെ വരവിന് ശേഷം ആകണം,കേരളത്തിന്റെ ഭാഷാ പ്രയോഗത്തിൽ 'റിയൽ എസ്റ്റേറ്റ് മാഫിയ ‘ എന്ന പദം കുടി കടന്നു വന്നു. ഈ മാഫിയയുടെ രാത്രിയും പകലും ഉള്ള പ്രവർത്തനങ്ങളിൽ, ശക്തമായ രാഷ്ട്രീയ സ്വാധീനത്തിന്റെ അടിസ്ഥാനത്തിൽ, നിയമത്തെ വെല്ലുവിളിച്ചു കൊണ്ട് വയൽ നികത്തൽ ഇപ്പോഴും തുടർന്നു കൊണ്ടേ യിരിക്കുന്നു. കാരണം ഇപ്പോഴും കെട്ടിട നിർമ്മാണത്തിന്റെ വേഗതയ്ക്കു ഒരു കുറവുമില്ല എന്നുള്ളതാണ്. അതിനായി ഭൂമി വേണം അല്ലെങ്കിൽ സ്ഥലം വേണം എന്ന യാഥാർത്ഥ്യത്തോട് കണ്ണടച്ച് ഇരുട്ട് ആക്കുന്നത് ഒട്ടും നീതിയുക്തമല്ല. ഫ്ലാറ്റ് സംസ്കാരം മലയാളികൾക്ക് ദഹിക്കുന്നില്ല എന്നാണ് റിയൽ എസ്‌റ്റേറ്റ് രംഗത്തു നിന്ന് ലഭിക്കുന്ന സൂചനകൾ. (നഗരത്തിൽ താമസിക്കുന്നവർ ഒരു പക്ഷേ ഫ്ലാറ്റുകളിൽ സംതൃപ്തി  കണ്ടെത്തിയേക്കാം, ഒരു രണ്ടാം വീട് എന്ന നിലയിൽ. അവരും സ്വന്തം ഗ്രാമങ്ങളിൽ സ്വന്തമായി പറമ്പും വീടും ഉള്ളവർ ആയിരിക്കും). ചുരുക്കി പറഞ്ഞാൽ ഈ ഭൂമിയാകെ മനുഷ്യന്റെ വീടുകൾ കൊണ്ട് നിറയുമെന്ന കാര്യത്തിൽ ഒരു സംശയവും വേണ്ട. അതിനാൽ കെട്ടിടം വക്കാൻ ഇനിയും സ്ഥലം കണ്ടെത്തേണ്ടതുണ്ട് എന്ന നഗ്ന യാഥാർത്ഥ്യം പൊതുജനങ്ങളുടെ ഭാവിയെപ്പറ്റി ചിന്തിക്കുന്ന ഒരു ഭരണകൂടത്തിന്റെ ഉറക്കം കെടുത്തുമെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല.

ഉറപ്പുള്ളതും സുരക്ഷിതവുമായ വീടുകൾ അടിസ്ഥാനപരമായ മനുഷ്യാവകാശമാണ് എന്ന് പല അന്തർദ്ദേശീയ ചർച്ചകളിലും  ഉടമ്പടികളിലും ചർച്ച ചെയ്യപ്പെടുകയും അംഗീകരിക്കപ്പെടുകയും ചെയ്ത വസ്തുതയാണ്. എല്ലാവർക്കും വാസയോഗ്യമായ ഭവനങ്ങൾക്കായി സ്ഥലം നൽകാനും അവിടെ വീട് വയ്ക്കാനുള്ള സഹായവും നൽകാൻ സ്റ്റേറ്റിന് ഉത്തരവാദിത്യമണ്ട്.  ഇന്ത്യൻ ഭരണ ഘടനയിലെ 21-ം അനുച്ഛേദം പറയുന്നതനുസരിച്ച് ജീവനും സ്വത്തിനും സ്റ്റേറ്റ് നൽകേണ്ട സംരക്ഷണം വളരെ പ്രധാനപ്പെട്ടതാണ്. ഇതിനായി ഉറപ്പുള്ള ഭവനങ്ങൾ ഉണ്ടാകേണ്ടതല്ലേ?

കേരളത്തിലെ വീടുകളുടെ ഒരു സർവ്വേ 2011ലെ  സെൻസസിൽ എടുക്കയുണ്ടായി. വീടുകളുടെ ആധികാരികമായ സ്റ്റാറ്റിറ്റിക്കൽ ഡാറ്റാ ഇതിൽ ലഭ്യമാണ്. അതിൽ പ്രകാരം കേരളീയർക്ക് '' '’


കേരളത്തിൽ വാസയോഗ്യമായ ഭൂമിയുടെ അളവ് വളരെ കുറവാണ് എന്ന് എല്ലാർക്കും അറിയാം. ഭൂപ്രകൃതി അനുസരിച്ച് കേരളത്തെ മൂന്നായി തിരിച്ചിട്ടുണ്ട്. മലനാട് , ഇടനാട്, തീരപ്രദേശം എന്നിങ്ങനെ. മലനാട് എടുത്താൽ കിഴക്ക് പശ്ചിമഘട്ടങ്ങൾ മലനിരകൾ. ഇവിടെ കിഴക്ക് നിന്ന് പടിഞ്ഞാറ് ദിശയിൽ ഏകദേശം 10 മുതൽ 25 കിലോമീറ്റർ ദൂരം വരെ വാസയോഗ്യമല്ല. അത് കൊടും വനപ്രദേശങ്ങളോ വനം വകുപ്പിന്റെ സ്ഥലമോ ആണ്. ചുരുക്കം ചില ടൂറിസ്റ്റ് പ്രദേശങ്ങൾ ഇതിന് ഒരു അപവാദമാണെങ്കിലും ഭൂരിഭാഗം വരുന്ന പ്രദേശം വീട് വയ്ക്കാൻ സാധിക്കാത്തയിടങ്ങളോ വീട് വയ്ക്കാൻ അനുമതിയില്ലാത്തയിടങ്ങളോ ആണ്.

ഇടനാട് പരിഗണിച്ചാൽ ഏറ്റവും അധികം വാസയോഗ്യമായ മേഖല ഇതാണ്. എങ്കിൽത്തന്നെയും വലിയ കായലുകളും ചതുപ്പു പ്രദേശങ്ങളും വയലും ഇവിടെയുണ്ട്. തീരപ്രദേശം എന്നത് കായലുകളും വയലും കടൽത്തീരങ്ങളും കടൽ ഉള്ളിലേയ്ക്ക് കടന്നുകിടക്കുന്ന സ്ഥലങ്ങളും കൂടിയുള്ളതാണ്.  ജലസംഭരണികളോട് അനുബന്ധമായി വലിയ ഒരളവ് ചതുപ്പ് നിലങ്ങളും കോൾനിലങ്ങളും കൃഷിയ്ക്ക് അനുയോജ്യമല്ലാത്ത സ്ഥലങ്ങളും ഈ മേഖലയുടെ പ്രത്യേകതകൾ ആണ്.

മൊത്തം വിസ്തീർണ്ണം കണക്കിലെടുത്താൽ വളരെ വലിയ ശതമാനത്തോളം തീരപ്രദേശമുള്ള ചെറിയ ഒരു സംസ്ഥാനമായ കേരളത്തിന്റെ നിർമ്മാണ മേഖലയ്ക്ക് കിട്ടിയ ഇരുട്ടടി ആയിരുന്നു CRZ എന്ന ഓമനപ്പേരിൽ അറിയപ്പെട്ട തീരസംരക്ഷണ നിയമം (Coastal Regulatory Zone). ഈ നിയമം കടൽത്തീരത്തുള്ള നിർമ്മാണ പ്രവർത്തനങ്ങളേയും ഉപ്പുവെള്ളം (ഓരു ജലം) കയറുന്ന എല്ലാ സ്ഥലങ്ങളിലേയും നിർമ്മാണ പ്രവർത്തനങ്ങൾക്കും നിയന്ത്രണങ്ങൾ കൊണ്ടുവന്നു. ഈ നിയമം തീരപ്രദേശത്തുള്ള  ആയിരത്തിലേറെ സ്ക്വയർ കിലോമീറ്റർ ഭാഗത്തെ നിർമ്മാണ പ്രവർത്തനങ്ങളെ പ്രത്യക്ഷമായും പരോക്ഷമായും ബാധിക്കുന്നു.

ഇതൊക്കെ പറഞ്ഞത് എന്തിനാണ് എന്നു വച്ചാൽ നിർമ്മാണ പ്രവർത്തനങ്ങൾക്ക് അനുയോജ്യമായ ഭൂമി എന്നതിൽ ഉപരി നിർമ്മാണത്തിന് വിലക്കുള്ള ഭൂമിയാണ് നമുക്ക് ചുറ്റും ഏറെയുള്ളത്.

ഇക്കാലത്ത് ഏറ്റവും അധികം ചർച്ച ചെയ്യപ്പെടുന്ന ഒന്നാണ് സുസ്ഥിരമായ വികസന പ്രവർത്തനങ്ങൾ. വികസന പ്രവർത്തനങ്ങൾക്ക് എതിരെയുള്ള നാടകം കളിയാണോ ഇതിലൂടെ നടക്കുന്നത് എന്ന് പലപ്പോഴും നമുക്ക് തോന്നിപ്പോകുന്നു. വികസനവും വേണം, അതിലൂടെ പ്രകുതിയ്ക്ക് ഊനം തട്ടാനും പാടില്ല എന്നതാണ് അതിന്റെ ശരിയ്ക്കള്ള അർത്ഥം.

തണ്ണീർത്തട സംരക്ഷണ നിയമം വളരെ അന്തസ്സത്തയുള്ളതാണ്. അത് നിലവിൽ വരാൻ കുറച്ചു വൈകിപ്പോയി എന്ന് മാത്രമല്ല അത് നേരാംവണ്ണം പാലിക്കപ്പെടുന്നില്ല എന്ന സങ്കടവും പ്രകൃതി സ്നേഹികൾക്ക് ഉണ്ട്. കൈയൂക്കും രാഷ്ട്രീയ പിൻബലവും ഉള്ള ഭൂമാഫിയയുടെ കയ്യിൽ ഈ നിയമം ഒരു നോക്കുകുത്തി ആയിപ്പോയോ എന്ന സംശയം അവശേഷിക്കുന്നു. ഈ നിയമം പാസായിട്ട് ഒരു ദശാബ്ദമായി എങ്കിലും നിയമത്തിന്റെ തുടർച്ചയായ ലാൻറ് ഡാറ്റാ ബാങ്ക് കുറ്റമറ്റതായി പ്രസിദ്ധീകരിച്ച എത്ര പഞ്ചായത്തുകൾ ഉണ്ട്? അതിൽ 2008 -ന് മുൻപ് നികത്തപ്പെട്ടവ എത്ര, അതിനു ശേഷം നികത്തപ്പെട്ടവ എത്ര എന്നത് ഉപഗ്രഹ ചിതങ്ങളുടെ സഹായത്തോടെ കണ്ടുപിടിക്കാൻ വളരെ എളുപ്പമാണ്. അതിന്റെ ഒരു ഡാറ്റാബാങ്ക് തയ്യാറാക്കാൻ 10 വർഷത്തിനുള്ളിലും സാധിച്ചില്ല എങ്കിൽ അതിനർത്ഥം അത് ഭൂമാഫിയയെയും നികത്തൽ പ്രക്രിയയെയും സഹായിക്കാനാണ്. സത്യം പറഞ്ഞാൽ ഇതിന്റെയെല്ലാം ദോഷവശങ്ങൾ അനുഭവിക്കുന്നത് സാധാരണക്കാരാണ്.  2008 -ന് മുൻപേ നികത്തപ്പെട്ടതും വർഷങ്ങളായി മറ്റ് ആവശ്യണ്ടൾക്ക് ഉപയോഗിച്ചു കൊണ്ടിരിക്കുന്നതുമായ പുരയിടങ്ങൾ, വില്ലേജ് ഓഫീസ് റെക്കോഡുകൾ (BTR) പ്രകാരം നിലം എന്നു കാണുന്നതിനാൽ പരക്കെ കെട്ടിട നിർമ്മാണ അനുമതി നൽകാത്ത ഒരു സാഹചര്യമാണ് എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും ഇന്നുള്ളത്. വില്ലേജ് ഓഫീസിൽ നിന്നുള്ള പൊസഷൻ സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ടി വരുന്നു പ്ലാനിന്റെ കോപ്പിയോടൊപ്പം. പൊസഷൻ സർട്ടിഫിക്കറ്റിൽ അമ്പതോ നൂറോ വർഷം മുൻപ് വസ്തു നിലം ആയിരുന്നോ പുരയിടം ആയിരുന്നോ എന്ന് എഴുതി നൽകുന്നു. ഇത് ഒരു തരത്തിൽ പറഞ്ഞാൽ കാടടച്ച് വെടിവയ്ക്കൽ ആണ്. 2008-ൽ നിയമം പ്രാബല്യത്തിൽ വന്നശേഷം നികത്തിയവർ കുറ്റക്കാരാണ്. പക്ഷേ അതിനു മുൻപേ ചെയ്തവർ ആരും തന്നെ കുറ്റക്കാരല്ല.

നമ്മുടെ വിഷയം എന്നത് ശുദ്ധമായ എഞ്ചിനീയറിംഗ് മാർഗ്ഗങ്ങൾ അവലംബിച്ച് തണ്ണീർത്തട സംരക്ഷണ നിയമത്തിൽ ഉറച്ചു നിന്നു കൊണ്ട് ഭവനദാരിദ്യം എങ്ങനെ പരിഹരിക്കാം എന്നതാണ്. മുൻപു സൂചിപ്പിച കണക്കുകൾ പ്രകാരം 2021 ആകുമ്പോൾ കേരളത്തിന് ഇനിയും 53 ലക്ഷം വീടുകൾ കൂടി നിർമ്മിക്കപ്പെടണം. ഇനി വരുന്ന 3 വർഷങ്ങൾക്കുള്ളിൽ ഇത് സാധ്യമാവില്ല എന്നറിയാം. പക്ഷേ 2025- ആകുമ്പോൾ, വർദ്ധിച്ചു വരുന്ന ചെറുകുടുംബങ്ങളുടെ എണ്ണം പരിഗണിച്ചാൽ, കുറഞ്ഞത് 60 ലക്ഷം വീട് എങ്കിലും നിർമ്മിക്കേണ്ടതുണ്ട്. അതിനുള്ള സ്ഥലം ഈ കൊച്ചു കേരളത്തിൽ നാം കണ്ടെത്തണം. ഇത് ഒരു നിസ്സാര കാര്യമല്ല എന്നതു മാത്രമല്ല, അത്രയും ഭൂമി ലഭ്യമാക്കാൻ ഒരു സർക്കാരിനാലാകട്ടെ, ഒരു തദ്ദേശ ഭരണ കർത്താക്കൾക്കാകട്ടെ കഴിയുകയുമില്ല. കൂടുതൽ അളവിൽ വീട് വയ്ക്കാനുള്ള ഭൂമി കണ്ടെത്താനും അവയുടെ ഫലപ്രദമായ databank ഉണ്ടാക്കാനും കഴിയണം. അപ്പോൾ മാത്രമേ ആവശ്യത്തിന് വേണ്ടഭൂമിയുടെ അളവും ലഭ്യമായ ഭൂമിയുടെ അളവും തമ്മിലുള്ള അന്തരം മനസ്സിലാകൂ. ലഭ്യമായ ഭൂമിയുടെ അളവ് വളരെ കുറവ് മാത്രമേ ഉണ്ടാകൂ എന്ന യഥാർത്ഥ്യം നമ്മെ ഞെട്ടിക്കും.

കെട്ടിട നിർമ്മാണം നിയമം മൂലം നിരോധിക്കപ്പെട്ട സ്ഥലങ്ങളിൽ കൂടി നിർമ്മാണത്തിന് നിയമാനുമതി ലഭിച്ചാൽ മാത്രമേ സ്ഥലപരിമിതി കൊണ്ട് ഞെരുങ്ങുന്ന കേരള സംസ്ഥാനത്തിന് കുടുതൽ സ്ഥലം നിർമ്മാണ ആവശ്യങ്ങൾക്ക് വേണ്ടി ഉപയോഗിക്കാൻ കഴിയൂ. നിയമങ്ങളുടെ ഉദ്ദേശ ശുദ്ധി ലംഘിക്കാതെ, ഉത്തമമായ നിർമ്മാണ സാങ്കേതിക വിദ്യ പ്രയോഗിച്ചു വേണം ഇത് നടപ്പിലാക്കാൻ. തണ്ണീർത്തട സംരക്ഷിക്ക


ഊന്നുകാൽ വീടുകൾ (stilt houses)

ഊന്നുകാൽ വീടുകളെപ്പറ്റിയുള്ള ചിന്തകൾ ഉടലെടുക്കുന്നത് യാത്രകൾക്കിടയിൽ, പല സ്ഥലങ്ങളിലും പ്രത്യേകിച്ച്, നദീതീരങ്ങളിലും കായൽപ്രദേശങ്ങളിലും വളരെ ലളിതമായി കാണപ്പെട്ട ചെറുകുടിലുകൾ കണ്ടപ്പോഴാണ്. നാല് ഊന്നുകാലുകളിൻ വളരെ ലളിതമായി അവ സ്ഥിതി ചെയ്യുന്നു. അതിന് താഴെ വെള്ളമാകാം അതല്ലെങ്കിൽ ചതുപ്പാകാം ചെളിയാകാം തിരമാലകൾ അലറി അടുക്കുന്ന കടലാകാം. പൊതുവിൽ ഒന്നു രണ്ട് ചെറു ഉദാഹരണങ്ങൾ പറഞ്ഞാൽ ഇതേപ്പറ്റി നല്ല ഒരു ധാരണ നിങ്ങൾക്ക് ലഭിക്കും. ചീനവലകൾക്കു സമീപം ഉള്ള കാവൽ മുറി കണ്ടിട്ടുണ്ടോ? ഒരാൾക്ക് ഇരിക്കാനും കിടക്കാനും മാത്രം സൗകര്യമുള്ള ഈ മുറിയുടെ അടിയിൽ മൂന്നാൾ പൊക്കത്തിലുള്ള വെള്ളമാണ്. വയലുകളിലും മറ്റും ഉള്ള കാവൽമാടങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടോ? അവ വയലിൽത്തന്നെ വിളകൾക്കോ വയലിനോ ഒരു കേടുപാടും ഇല്ലാതെ നാലോ ആറോ ഊന്നുകാലുകളിൽ സ്ഥിതി ചെയ്യുന്നു. അതീവ സങ്കീർണ്ണമായ ഒരു ഊന്നുകാൽ സംവിധാനമാണ്, അലറിത്തിമിർക്കുന്ന കടലിന്റെ മുകളിൽ കരയിൽ നിന്നും അങ്ങകലെ ആഴക്കടലിൽ പെട്രോളിയം കഴിച്ചെടുക്കാനായി നിർമ്മിക്കപ്പെടുന്ന 'റിഗു‘കൾ.  ഇവയും കടലിന്റെ അടിത്തട്ടിൽ നിന്നും ഉറപ്പിച്ച ഊന്നുകാൽ സംവിധാനത്തിലാണ് കടൽവെള്ളത്തിന് എത്രയോ മുകളിൽ ഹെലിപാഡ് ഉൾപ്പെടെയുള്ള പെട്രോളിയം പമ്പിംഗ് മെഷീനറികൾ നിലകൊള്ളുന്നത്. ഇത്തരം റിഗുകളിൽ പലതിനും ആകെ ഉയരം കുത്തബ് മിനാറിനെക്കാളും കൂടുതലായിരിക്കും.

തൂൺ വീടുകളും ഊന്നുകാൽ വീടുകളും

തൂൺ വീടുകൾ സാധാരണ തൂണുകളിൽ നിർമ്മിക്കുന്ന കെട്ടിടങ്ങളാണ്.  ഭിത്തികൾ ഭാരം എടുക്കുന്ന സാധാരണ കെട്ടിട നിർമ്മാണ ശൈലിക്ക് അതീതമായി ഇവിടെ ഭാരം താങ്ങുന്നത് തൂണുക്കൾ ( Pillarട ) ആയിരിക്കും. ബഹുനില കെട്ടിടങ്ങൾക്ക് ഈ സംവിധാനമാണ് കെട്ടിട നിർമ്മാണത്തിന് ഉപയോഗിക്കുക. അവിടെ മുകളിലത്തെ ഭിത്തിയിൽ നിന്നും ഭാരം താഴത്തെ ഭിത്തിയിലേയ്ക്ക് കൈമാറ്റം ചെയ്യപ്പെടുന്നില്ല. തൂൺ വീടുകളും ഊന്നുകാൽ വീടുകളും ആയുള്ള പ്രധാന വ്യത്യാസം എന്താണ്? തൂൺ വീടുകളിൽ ഏറ്റവും താഴത്തെ ഭൂമിയിൽ തൊടുന്ന ഭാഗവും മനുഷ്യവാസത്തിന് ഉപയോഗിക്കാം. വണ്ടികൾ പാർക്കു ചെയ്യാനുള്ള സ്ഥലമായി ഉപയോഗിക്കാം. അത് കെട്ടിടത്തിന്റെ ഒരു ഭാഗം തന്നെയാണ്. ഊന്നുകാൽ വീടുകളിൽ ഭൂമിയുമായി ബന്ധപ്പെടുന്ന ഭാഗം താമസത്തിന് ഉപയോഗിക്കാൻ പറ്റില്ല. അവിടെ തനതായ ഭൂമിയുടെ ഒരു തുടർച്ചയായിരിക്കും കാണപ്പെടുക. അതായത് വെള്ളമാണെങ്കിൽ ഊന്നുകാലുകൾക്ക് ഇടയിൽ വെള്ളം തന്നെ ആയിരിക്കും .ചതുപ്പെങ്കിൽ ചതുപ്പ് . വയലെങ്കിൽ വയൽ. അതായത് ഊന്നുകാൽ വയ്ക്കാനുള്ള സ്ഥലം ഒഴിച്ച് ബാക്കി സ്ഥലം എല്ലാം അവിടത്തെ ഭൂഘടനയിൽ യാതൊരു ഭൗതികമാറ്റവും വരുത്തുന്നില്ല.

ഊന്നുകാലിന്റെ ഫൗണ്ടേഷർ പല രീതിയിൽ ചെയ്യാറുണ്ട്. വെറുതെ ചെളിയിലും ചതുപ്പിലും കുത്തി നിർത്തുന്ന കനം കുറഞ്ഞ കോലുകൾ ആവശ്യത്തിന് വേണ്ട ആഴത്തിൽ കുത്തി ഉറപ്പിക്കാനും അതിന്റെ മുകളിൽ ഭാരം കുറഞ്ഞ തരം ഷെഡ് ഘടിപ്പിക്കാനും കഴിയും. ഊന്നുകാലുകൾ കാറ്റത്ത് ആടാതിരിക്കാനും മറിഞ്ഞ് വീഴാതിരിക്കാനും  അവ തങ്ങളിൽ തങ്ങളിൽ ബന്ധിപ്പിച്ച് കൊണ്ട് bracing കെട്ടി ഉറപ്പിക്കണം.

ഒരു ഭാരം കുറഞ്ഞ ഷെഡിന്റെ അല്ലെങ്കിൽ ഓലപ്പുരയുടെ കാര്യമാണ് നാം മുകളിൽ നോക്കിയതെങ്കിൽ അതിലും എത്രയോ ഭാരമുള്ളതും വലുതുമായ കെട്ടിടങ്ങൾ ഇതേ മാതിരി ഉറപ്പുള്ള ഫൗണ്ടേഷനിലും പില്ലറുകളിലും നിർത്താൻ കഴിയും. അതിന് വേണ്ട സ്ട്രക്ചറൽ എഞ്ചിനീയറിംഗ് ഡിസൈൻ അനുസരിച്ച്‌ മാത്രമേ കാര്യങ്ങൾ ചെയ്യാൻ പാടുള്ളൂ. എങ്ങനെയായാലും ഊന്നുകാലുകൾക്ക് മുകളിലെ നിർമ്മിതിയുടെ ഭാരവും കൂടാതെ കാറ്റിന്റെ ലോഡും ഒക്കെ താങ്ങാനും അവ ഭൂമിയിലെ ഉറപ്പുള്ള പ്രതലത്തിലേയ്ക്ക് കടത്തിവിടാനും കഴിയണം. അല്ലെങ്കിൽ വലിയ വിപത്തു സംഭവിക്കും. ഇതിനായി താഴത്തെ ഭൂമിയുടെ വിശദമായ മണ്ണു പരിശോധന നടത്തണം. ഫൗണ്ടഷൻ എഞ്ചിനീയറിങ്ങിൽ വിദഗ്ദ്ധനായ ഒരാളെക്കൊണ്ട് ഫൗണ്ടേഷൻ രൂപകല്പന ചെയ്യിക്കണം. ഊന്നുകാലുകൾക്ക് കാലപ്രവാഹത്തിൽ കേട്പാട് സംഭവിക്കാതിരിക്കാൻ അതിന് പ്രത്യേക ആവരണം നൽകണം.  പൊതുവിൽ സാധാരണ രീതിയിൽ നിർമ്മിക്കപ്പെടുന്ന വീടുകളേക്കാൾ ശ്രദ്ധ ഇതിന് നൽകേണ്ടതുണ്ട്.

ഇത്തരം നിർമ്മിതികളിൽ ഊന്നുകാലുകൾ കഴിഞ്ഞാൽ ഏറ്റവും പ്രധാനം നാം നിർമ്മിക്കുന്ന ആധാര തലം (base floor) ആണ്. മണ്ണിലോ ഉറപ്പുള്ള തറയിലോ മണ്ണിട്ട് നിറച്ച് സാധാരണ രീതിയിൽ നമുക്ക് തറ ( basement) ചെയ്യാൻ സാധിക്കാത്തതിനാൽ താഴെ നിന്നും ഉയരത്തിൽ ആയിരിക്കും  നാം കൃത്രിമമായി നിർമ്മിക്കുന്ന തറയുടെ സ്ഥാനം. തറ എന്ന് വിളിക്കാൻ സാധിക്കാത്തതിനാൽ തലം (floor) എന്ന് വിളിക്കാം. ഇത് യാർത്ഥ തറയല്ലാത്തതിനാൽ ഒരു കപട (fake) സ്വഭാവം ഇതിനുണ്ട്. ഇതൊക്കെ കണക്കിലെടുത്ത് ' ഊന്ന്കാൽ വീടുകളുടെ തറയായി (ആധാരമായി) കണക്കാക്കാവുന്നത് ഈ  ആധാരതലത്തെയാണ്. ആധാരതലത്തിന്റെ ഉയരം പരമാവധി കുറഞ്ഞിരിക്കുന്നതാണ് നല്ലത്. കെട്ടിടത്തിന്റെ സ്ഥിരതയ്ക്ക് നല്ലത്. പക്ഷേ വെള്ളപ്പൊക്കത്തിലും മഴയിലും ഒക്കെത്തന്നെ ഈ തലത്തിലേയ്ക്ക് വെള്ളമോ ചെളിയോ കയറി വരാൻ പാടുള്ളതല്ല. ഇതിന്റെ ഉയരം വളരെ കുട്ടിയാൽ ഇതിലേക്ക് പുറത്ത് നിന്നും കയറിചെല്ലാൻ പ്രയാസമായിരിക്കും. കൂടാതെ അത് പ്രകൃതിക്ക് ഇണങ്ങുന്നതുമായിരിക്കില്ല.

Base floor ലേയ്ക്ക് കടന്നു ചെല്ലാൻ ഏതെങ്കിലും ഉയരമുള്ള സ്ഥലത്ത് നിന്നും വഴി കണ്ടെത്തണം. വഴി അല്ലെങ്കിൽ പടികൾ അല്ലെങ്കിൽ ramp ഉയരത്തിലുള്ള സ്ഥലത്തേയക്ക് നയിക്കുന്നതായിരിക്കണം. അതല്ലെങ്കിൽ അത്  ആ വീട്ടിൽ താമസിക്കുന്നവരുടെ ഒരു സുരക്ഷാ പ്രശ്നമായി മാറാൻ സാധ്യതയുണ്ട്. ആധാരതലത്തിൽ എത്തിച്ചേരാൻ ഊന്നുകാലിൽ ഉറപ്പിച്ച റാമ്പുകൾ ആയിരിക്കും ഉത്തമം.


ഊന്നുകാലുകളിൽ മാത്രം കെട്ടിടം നിലയുറപ്പിക്കുന്നതിനാൽ ഊന്ന്കാലുകൾക്ക് വേണ്ട തുച്ഛമായ സ്ഥലം മാത്രമേ നഷ്ടപ്പെടുന്നുള്ളൂ. ചതുപ്പായാലും വയലായാലും കായലോ കുളമോ ആയാലും ആ ഭൂമിയുടെ ഉപയോഗത്തിന്റെ കാര്യത്തിലോ ആ സ്ഥലത്തിന്റെ പാരിസ്ഥിതികമായ ഘടനകളിലോ യാതൊരു മാറ്റവും ഉണ്ടാവുന്നില്ല. നെൽവയൽ തണ്ണീർത്തട നിയമത്തിന്റെ ഉദ്ദേശ ശുദ്ധിയെ ഇത്തരം നിർമ്മാണ പ്രവൃത്തികൾ ലംഘിക്കുന്നതല്ല. പക്ഷേ ഇക്കാര്യം മനസ്സിലാക്കി പ്രസ്തുത നിയമത്തിൽ വേണ്ട മാറ്റങ്ങൾ വരുത്തുന്നത് നല്ലതായിരിക്കും. അത് സാധാരണക്കാരെ വളരെ വലിയ ഒരളവ് വരെ സഹായിക്കും.

വയലേലകളിലോ ചതുപ്പുകളിലോ റോഡുകൾ നിർമ്മിക്കുമ്പോഴും ഈ സാങ്കേതികവിദ്യ ഉപയോഗിക്കുന്നത് വളരെ നല്ലതായിരിക്കും. കീഴാറ്റൂർ എന്ന സ്ഥലത്തെ നെൽവയലുകളെ സംരക്ഷിക്കാനും ഇത്തരം സാങ്കേതികവിദ്യ പ്രയോഗിക്കണം. കർഷകരുടെ ആശങ്ക പരിഹരിക്കണം. അഞ്ചു മീറ്റർ ഉയരത്തിലെങ്കിലും ഉള്ള ഊന്നുകാലുകളിൽ താങ്ങി നിർത്തിയാൽ ഹൈവേ അതിന്റെ പാട്ടിന് പോകും. താഴെ കർഷകർക്ക് കൃഷി ചെയ്യുകയും ആവാം. കർഷകരുടെ ജീവിത മാർഗ്ഗം അടയുകയുമില്ല. അവർക്ക് അവരുടെ ഭൂവിൽ അന്യത്വം അനുഭവപ്പെട്ടുകയുമില്ല. അമിതമായി മണ്ണിട്ട് അതിനെ Compact ചെയ്തു റോഡ് നിർമ്മിക്കുമ്പോൾ 30 മീറ്ററിൽ അധികം ആഴത്തിലുള്ള സർവ്വ ജലപ്രവാഹവും നിലച്ചുപോകുന്നു. വലിയ ഒരളവിൽ മണ്ണ് പുറത്തു നിന്ന് കൊണ്ടുവന്ന് വയൽ നികത്തുമ്പോൾ ഉണ്ടാകുന്ന ചെലവിനേക്കാൾ ഇരട്ടി ആയാൽ പോലും ജീവിതമാർഗ്ഗത്തിന് വേണ്ടി സമരം ചെയ്യുന്ന പാവക്കൾക്ക് മുന്നോട്ട് ജീവിക്കാനുള്ള പ്രത്യാശയുടെ വിലയായി ആ അധിക ചെലവിനെ കണ്ടാൽ മതി.